ഇന്നത്തെ സിനിമ മഹാനന്ദ
സമയം 9.45 am
*മഹാനന്ദ
സംവിധാനം : അരിന്ദം സില്‍ / ബംഗാളി / 2022*
വിഖ്യാത എഴുത്തുകാരിയും സാമുഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതദേവിയുടെ ഐതിഹാസികജീവിതമാണ് മഹാനന്ദ എന്ന സിനിമയ്ക്കാധാരം. എന്നാല്‍ ഇതൊരു ജീവചരിത്രസിനിമയല്ല. സമൂഹത്തിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കായി അവസാനശ്വാസം വരെ പൊരുതിയ മഹാശ്വേതദേവിയുടെ ജീവിതം ഇന്ന് ഓര്‍മ്മയാണ്. ആ ഓര്‍മ്മകളെ ഒരു ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യത്തോടെ പുനരവതരിപ്പിക്കുകയാണ് സംവിധായകന്‍ അരിന്ദം സില്‍.
വരുംതലമുറകളെ പ്രചോദിപ്പിക്കുന്ന ഒരു രാഷ്ട്രീയ സിനിമയെടുക്കുകതന്നെയായിരുന്നു തന്റെ ഉദ്ദേശ്യമെന്ന് സംവിധായകന്‍ പറയുന്നു. മഹാശ്വേതയെപ്പോലുളള ജീവിതങ്ങളെ വളരെവേഗം വിസ്മൃതിയിലേക്കു തളളിവിടുന്ന പുതുകാലത്ത് ഏറെ പ്രസക്തമാണ് ഇത്തരം സിനിമകള്‍.
എഴുത്തുകാരിയുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ ബാല്യകൗമാരങ്ങളും വ്യക്തിത്വരൂപീകരണവും ദാമ്പത്യജീവിതത്തിലെ അസ്വാരസ്യങ്ങളുമെല്ലാം സിനിമയില്‍ ചിത്രീകരിക്കുന്നുണ്ട്. ഗാര്‍ഗി റോയ് ചൗധരിയാണ് മഹാനന്ദ ഭട്ടാചാര്യ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .
മഹാനന്ദ ഭട്ടാചാര്യയെക്കുറിച്ച് ഗവേഷണം നടത്താനെത്തുന്ന മോഹല്‍ ബസു എന്ന വിദ്യാര്‍ത്ഥിനിയുടെ കണ്ണിലൂടെയാണ് എഴുത്തുകാരിയുടെ ജീവിതം ഇതള്‍വിരിയുന്നത്. മഹാനന്ദയുടെ ജീവിതവും പോരാട്ടവും എങ്ങനെ ഒരു പുതുതലമുറ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തെ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്യുന്നു എന്നതും സിനിമ കാണിച്ചു തരുന്നു.
Comments