' മനോഹർ ആൻഡ് ഐ '
സംവിധാനം :
അമിതഭാ ചാറ്റർജി/ബംഗാളി /2018
* IFFK യിൽ മികച്ച നവാഗത സിനിമക്കുള്ള കെ ആർ മോഹനൻ പുരസ്‌കാരം ലഭിച്ച സിനിമ.
കൊൽക്കത്ത നഗരത്തിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന രണ്ടുപേർക്കിടയിൽ ഉടലെടുക്കുന്ന സൗഹൃദവും അതിന്റെ പരിണതിയുമാണ് അമിതഭാ ചാറ്റർജി 2018ൽ സംവിധാനം ചെയ്ത സിനിമ പങ്കുവെക്കുന്നത്. കേരള അന്താരാഷ്ട്ര ചലച്ചിത്രോൽസവം ഉൾപ്പെടെ നിരവധി മേളകളിൽ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ' മനോഹർ ആൻഡ് ഐ ' സംവിധായകന്റെ കന്നി ചിത്രമാണ്.
ജോലിസ്ഥലത്തേക്കുളള പതിവ് ട്രെയിൻയാത്രക്കിടയിൽ, കഥാനായിക മധ്യവയസ്സ് പിന്നിട്ട മനോഹറിനെ പരിചയപ്പെടുന്നതും, കൊച്ചുകൊച്ചു വിശേഷങ്ങൾ പങ്കുവെച്ച് അവരുടെ സൗഹൃദം വളരുന്നതുമാണ് തുടക്കം. വിരസമായ ട്രെയിൻയാത്രകളെ അവർ സംഭാഷണങ്ങളാൽ സജീവമാക്കി. പക്ഷേ തങ്ങളുടെ ജീവിതങ്ങളെപറ്റി പരസ്പരം പങ്കവെച്ച കാര്യങ്ങളെല്ലാം നുണകളും ഭാവനകളും മാത്രമായിരുന്നു എന്ന് തിരിച്ചറിയുന്നത് വളരെ വൈകിയാണ്. ഏകാകികളാണെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ തയ്യാറല്ലാത്തതിനാൽ ഇല്ലാത്ത കാമുകനേയും സന്തുഷ്ട കുടുംബത്തെ യുമെല്ലാം അവർ ഭാവനയിൽ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
ഏകാന്തത പ്രമേയമായി നിരവധി സിനിമകളുണ്ട്. എന്നാൽ ' മനോഹർ ആൻഡ് ഐ ' വ്യത്യസ്തമാകുന്നത് സംവിധായകന്റെ സവിശേഷമായ ദൃശ്യപരിചരണവും കയ്യൊതുക്കവും കൊണ്ടാണ്. വർണങ്ങൾ വറ്റിയ ജീവിതങ്ങളെ ഐ ഫോൺ ഉപയോഗിച്ച് കറുപ്പിലും വെളുപ്പിലുമായാണ് ചിത്രീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
Comments