സെന്റ് തോമസ് കോളേജ് MEDLYCOT ഹാളിൽ ജൂലൈ 30, 31 തിയതികളിൽ രാവിലെ 11 മണി മുതൽ
അടൂർ ഗോപാലകൃഷ്ണൻ സിനിമകളുടെ ആറു പ്രദർശനങ്ങൾ.
ജൂലൈ 30
11.30am : സ്വയംവരം
2പിഎം : കൊടിയേറ്റo
4പിഎം : എലിപ്പത്തായം
ജൂലൈ 31
11.30am : മതിലുകൾ
2പിഎം : അനന്തരം
4പിഎം : നാല് പെണ്ണുങ്ങൾ
ഹ്രസ്വഭാഷണം
ജൂലൈ 30 : 11.15 AM
ഡോ ആനന്ദൻ രാഘവൻ
ജൂലൈ 31 : 11.15 am
ഡോ. രാജേഷ് എം ആർ
അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്ര പ്രപഞ്ചം
- രാജേഷ് എം ആർ -
അടൂരിൻ്റെ ആദ്യ ചിത്രമായ സ്വയംവരം [1972] മുഖ്യധാരയിൽ നിന്നു അകന്നു നില്ക്കുന്ന അവതരണ രീതി കൊണ്ട് വളരെയധികം ശ്രദ്ധിക്കപ്പെട്ടതാണ്.
ഗാനങ്ങളില്ല, മിതമായ സംഭാഷണം പ്രമേയ പരിചരണത്തിൽ അനിവാര്യമാകുന്ന സംഗീതം, യഥാതഥമായ സ്വാഭാവികശബ്ദങ്ങൾ, ദൈർഘ്യമുള്ള ഷോട്ടുകൾ എന്നിവയെല്ലാം ചേർന്ന് അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം പ്രേക്ഷകരെ ഇതാണോ സിനിമയെന്ന് അത്ഭുതപ്പെടുത്തിയിരുന്നുവെന്ന വിജയകൃഷ്ണന്റെ അഭിപ്രായവും സ്വയംവരം സൃഷ്ടിച്ച ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നവയാണ്.
കുടുംബസാമൂഹികക്രമങ്ങളുടെ ചതുരങ്ങളിലേക്ക് അനുനയപൂർവ്വം വ്യക്തിയെ സ്വാംശീകരിക്കുന്ന ചിത്രമാണ് കൊടിയേറ്റം (1997) എന്ന സിനിമയെന്ന ആദ്യകാല നിരീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പുനർവിചാരങ്ങൾ ഉണ്ടാകുന്നുണ്ട്. കേരള ചരിത്രത്തിലെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ശൈഥില്യം ചിത്രീകരിക്കുന്ന സിനിമയാണ് എലിപ്പത്തായം (1981), എങ്കിലും മാറി വരുന്ന കേരളീയ സംസ്കാരത്തിലെ അണുകുടുംബ വ്യവസ്ഥയും, വിദേശപണമിടപാടും, ഫ്യൂഡലിസത്തെ ചോദ്യം ചെയ്യുന്ന ജനാധിപത്യവൽക്കരണവും ഒക്കെ ഇതിൽ തെളിഞ്ഞുവരുന്നവയാണ്. പശ്ചാത്തല സംഗീതത്തിലും, എഡിറ്റിങ്ങിലും തിരക്കഥയിലും എലിപ്പത്തായം എന്ന സിനിമ പുലർത്തുന്ന പ്രത്യേകത പഠനസാധ്യതയേറിയതാണ്.
കേരളീയ സമൂഹത്തിൽ വളരെയേറെ പുരോഗതികൾ സൃഷ്ടിച്ച കമ്യൂണിസ്റ്റ് പാർട്ടിയെ വിമർശിക്കുന്ന മുഖാമുഖം (1984) എന്ന സിനിമ അക്കാലത്ത് വളരെയേറെവിവാദങ്ങളാണ് സൃഷ്ടിച്ചത്. ഏകമുഖമായ കാഴ്ചപ്പാടിൽ പാർട്ടിയിൽ കടന്നു കൂടിയിരിക്കുന്ന റിവിഷനിസ്റ്റ് സമീപനത്തെ വിമർശന വിധേയമാക്കുന്ന മുഖാമുഖം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ പുരോഗതികളെ ബോധപൂർവ്വം തിരസ്കരിക്കുന്നുണ്ട്. മുതലാളിത്തത്തിന് സംഭവിച്ച മാറ്റങ്ങൾ, പ്രാദേശിക മുതലാളിന്മാരേരും ആഗോളകുത്തക മുതലാളിമാരെയും എങ്ങനെയാണ് കാണേണ്ടതെങ്ങനെയെന്ന ചോദ്യത്തിന് വഴിതെളിച്ചിരിക്കുന്നു. മാർക്സിയൻ പ്രത്യയശാസ്ത്രങ്ങളിൽ വന്നമാറ്റവും, പുത്തൻ ഇടതുപക്ഷത്തിന്റെ ഉത്ഭവവും
തൊഴിലാളിവർഗ്ഗത്തിന് വന്ന മാറ്റവും സിനിമ ഉയർത്തിക്കൊണ്ടു വരുന്ന പ്രശ്നങ്ങളെ സമകാലീനമാക്കുന്നു.
അടൂരിന്റെ അനന്തരം (1987) അനുഭവം, യാഥാർത്ഥം, ഓർമ്മഎന്നിവ കെട്ടുപിണഞ്ഞു കിടക്കുന്ന ഒരാഖ്യാനത്തിലൂടെ അനാഥത്വത്തിന്റെ ദു:ഖത്തിൽ മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥ പറയാൻ ശ്രമിക്കുന്നു. ഒരാൾ ആത്മകഥ പറയുന്ന വിധത്തിലുള്ള അവതരണരീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. ജ്യേഷ്ഠന്റെ ഭാര്യയിൽ കാമുകിയുടെ മുഖച്ഛായ ദർശിക്കുന്ന യുവാവായ അജയന്റെ ജീവിതം യഥാർത്ഥവും അയഥാർത്ഥവുമായ നിരവധി സന്ദർഭങ്ങളാൽ ആവിഷ്കരിക്കപ്പെടുന്നു. സാമൂഹികമായ വ്യവസ്ഥാരീതികളോടുള്ള അമർഷവും പ്രതിഷേധവും അതിൽ നിന്ന് മാറാനുള്ള വ്യഗ്രതയും ഉണ്ടാകുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കഥകളായി, കഥാപാത്ര മായി മനുഷ്യമനസ്സിൽ ഇത്തരം തോന്നലുകൾ ഉണ്ടായേക്കാം. വ്യക്തി സമൂഹം, യഥാർത്ഥം അയഥാർത്ഥം എന്നീ ദ്വന്ദ്വങ്ങൾ വഴി സൃഷ്ടിക്കപ്പെടുന്ന കഥാപ്രപഞ്ചമാണ് അനന്തരം. തുടർന്നുപോകുന്നു, അവസാനമില്ലാത്ത തോന്നലുകളാണ് അനന്തരം. യാഥാർത്ഥ്യത്തെ അതേ പടി പകർത്തുന്ന ഒന്നാണ് ക്യാമറയെന്ന ചിന്തയുടെ മേലുള്ള ചോദ്യങ്ങളാണ് അനന്തരത്തിന്റെ പ്രമേയവും ആഖ്യാനവും ഉയർത്തിക്കൊണ്ടു വരുന്നത്.
ബഷീറിന്റെ കൃതികൾ സിനിമയാക്കിയതിൽ ഭാർഗ്ഗവി നിലയം (1964), മതിലുകൾ (190) എന്നിവയാണ് സിനിമയെന്ന നിലയിൽ പ്രശംസനീ യമായത്. ബഷീറിന്റെ കൃതികളിലെ സംഭാഷണചാരുതയും, പ്രമേ പരിചരണരീതിയും സിനിമയുടെ ആവിഷ്കാരത്തിന് വെല്ലുവിളിയാണ്. സിനിമയുടെ സൗന്ദര്യതലങ്ങൾക്കനുസരിച്ച് മാത്രം കടന്നുചെല്ലാവുന്ന ഒരു അസംസ്കൃത വസ്തുവായി ബഷീർ കൃതികളെ അടൂർ ഗോപാല കൃഷ്ണൻ കാണുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുള്ള ബഷീറിന്റെ ജയിൽ ജീവിതത്തെ അധികമൊന്നും വ്യത്യാസം വരുത്താതെ തന്നെയാണ് അടൂർ മതിലുകൾ ചിത്രീകരിക്കുന്നത്. അടൂരിന്റെ രണ്ടാമത്തെ അനുവർത്തനമായ വിധേയൻ (1991) സക്കറിയായുടെ ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന നോവലെറ്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഫ്യൂഡലിസ്റ്റ് വ്യവസ്ഥയിൽ നിന്നും ജനാധിപത്യാവസ്ഥയിലെത്തിയിട്ടും അധികാരത്തിന്റെ ബോധത്തിൽ ജീവിക്കുന്ന ഭാസ്കര പട്ടേലരുടെയും അയാളുടെ വിധേയനാകാൻ വിധിക്കപ്പെട്ട തൊമ്മിയുടെയും കഥയാണ് വിധേയൻ. അധികാരവിധേയത്വങ്ങളുടെ കഥയാണ് സിനിമയ്ക്കു അടിസ്ഥാനം. മാനസികമായും ശാരീരികമായും വിധേയനാക്കപ്പെട്ട തൊമ്മിയുടെ ഉയിർത്തെഴുന്നേല്പിന്റെ കൂടി കഥയായി ഇത് വികസിക്കുന്നുണ്ട്. എല്ലാ ക്രൂരതയ്ക്കും അനീതിയ്ക്കും കൂട്ടുനിന്ന് ഉള്ളിൽ ഭീരുത്വം കൊണ്ടും നടക്കുകയും പ്രതിഷേധിക്കാൻ മനസ്സുവെമ്പുകയും ചെയ്യുന്ന കഥാപാത്രമാണ് വിധേയനായ തൊമ്മി. നോവലെറ്റിൽ നിന്ന് വ്യത്യസ്തമായി സിനിമയിൽ കൃത്യമായ ഒരു ചരിത്രകാലഘട്ടത്തിലേക്ക് കഥയെ മാറ്റി സ്ഥാപിച്ചിരിക്കുന്നു. നോവലിൽ പറയുന്ന സംഭവങ്ങൾ അതേ ക്രമത്തിൽത്തന്നെയാണ് സിനിമയാക്കിയിരിക്കുന്നതെങ്കിലും സിനിമയുടെ സംഭവവികാസങ്ങൾക്ക് വിശ്വാസ്യത കൂട്ടുവാൻ നിരവധി രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. തൊമ്മിയുടെ ജീവിതചിത്രീകരണത്തിനപ്പുറം അധികാരവിധേയത്വങ്ങളുടെ കഥയായി വിധേയനെ മാറ്റിയിരിക്കുന്നു. 1950 കാലഘട്ടത്തെ 60 കാലഘട്ടത്തിലേക്ക് മാറ്റിയും കൈയൊടിഞ്ഞ കസേരയും, തോക്കും അധികാരത്തിന്റെ മിഥ്യയെന്ന ബോധം ഉണ്ടാക്കിയും സിനിമയിൽ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു. തൊമ്മി, ഭാസ്കര പട്ടേലർ ഓമന എന്നിവരുടെ മനഃശാസ്ത്രവും അധികാരവിധേയത്വവും സിനിമയിൽ പുതിയ അർത്ഥതലങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ മതപരമായ വിധേയത്വം തൊമ്മിയിൽ എങ്ങനെയാണ് പ്രകടമാകുന്നതെന്നും സിനിമ ചില ചിഹ്നങ്ങളിലൂടെ ചിത്രീകരിക്കുന്നുണ്ട്.
കഥാപുരുഷൻ (1995) സിനിമയിൽ ഫ്യൂഡൽ കുടുംബത്തിൽ ജനിച്ച് പിന്നീട് തീവ്രവാദരാഷ്ട്രീയത്തിൽ ആകൃഷ്ടനായിത്തീർന്ന കുഞ്ഞുണ്ണി എന്ന നായക കഥാപാത്രത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ 1938 - 80 കാലഘട്ടത്തിന്റെ കഥ പറയുന്നു. വ്യവസ്ഥയോട് പൊരുതുവാൻ ആരെ ങ്കിലും എവിടെയെങ്കിലും ഉണ്ടാവുമെന്ന സാരോപദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്. രാജകുമാരന്റെയും രാക്ഷസന്റെയും കഥപറയുന്ന ആമുഖവും ഉപസംഹാരവും സിനിമയുടെ ആഖ്യാന രീതിയുടെ പ്രത്യേകതയാണ്. സിനിമയുടെ ആദ്യഭാഗത്തിൽ സ്വാതന്ത്ര്യസമരവും ഗാന്ധിജിയുടെ വധവും രണ്ടാംഭാഗത്തിൽ ഭൂപരിഷ്കരണ നിയമവും പിന്നത്തെ രംഗങ്ങളിൽ നക്സൽ രാഷ്ട്രീയവും അടിയന്തരാവസ്ഥയും ചിത്രീകരിക്കുന്നു. കേരളത്തിന്റെ ഇത്തരം രാഷ്ട്രീയ അവ സ്ഥകളിലൂടെ മുന്നോട്ടുപോകുന്ന കുഞ്ഞുണ്ണിയുടെ ജീവിതമാണ് കഥാപുരുഷനിൽ ആവിഷ്കരിക്കപ്പെടുന്നത്.
1940-കളിൽ തിരുവിതാംകൂറിൽ രാജ്യ ആരാച്ചാരായിരുന്ന കാളിയപ്പന് വളരെ നാളുകൾക്കുശേഷം തൂക്കിക്കൊല്ലാനുള്ള അവസരം ലഭിച്ചപ്പോൾ അയാളിൽ നിരപരാധികളെ തൂക്കിലേറ്റിയതിന്റെ പാപ ബോധം വേട്ടയാടുന്നതാണ് നിഴൽക്കുത്തിൽ (2002) ആവിഷ്ക രിക്കുന്നത്. സ്വാതന്ത്ര്യസമരസേനാനിയും അഹിംസാവാദിയുമായ കാളിയപ്പന്റെ മകനായ മുത്തുവിന് അവൻ ആഗ്രഹിക്കാതെ ആരാച്ചാരുടെ വേഷം അണിയേണ്ടി വന്നപ്പോൾ സ്വാതന്ത്ര്യം, ധാർമ്മികത, അഹിംസ എന്നിവയെക്കുറിച്ചുള്ള സംഘർഷം രൂപം കൊള്ളുന്നു. നിരപരാധികളെ തൂക്കിലേറ്റുമ്പോഴും ഭരണവ്യവസ്ഥ അതിനെ ന്യായീകരിക്കാനായി ഉപയോഗിക്കുന്ന തന്ത്രങ്ങളും, തൂക്കിലേറ്റുന്ന കയറിൽ ജനതയ്ക്കുളള വിശ്വാസങ്ങളും നിഴൽക്കുത്ത് ആവിഷ്കരിക്കുന്നുണ്ട്. തങ്ങൾക്കുകൂടി ഉത്തരവാദിത്വമുള്ള കൊലയിൽ നിന്ന് ഭരണകൂടം അതിസമർത്ഥമായി വഴുതിമാറുമ്പോൾ അതിന്റെ സംഘർഷങ്ങൾ അനുഭവിക്കാൻ ഇടയായ സാധാരണക്കാരനായ കാളിയപ്പന്റെ ജീവിതമാണ് നിഴൽക്കുത്തിൽ കാണുന്നത്.
നാലു പെണ്ണുങ്ങൾ (2000) എന്ന സിനിമ തകഴി ശിവശങ്കരപ്പിള്ളയുടെ ഒരു നിയമനത്തിന്റെ കഥ, കന്യക, ചിന്നു അമ്മ,നിത്യകന്യക എന്നീ ചെറുകഥകളുടെ അനുവർത്തനമാണ്. നാലു ഖണ്ഡങ്ങളായി ചിത്രീകരിക്കുന്ന നാലു പെണ്ണുങ്ങൾ സ്ത്രീത്വത്തിന്റെ പ്രശ്നങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ഒരു പെണ്ണും രണ്ടാണും (2008) എന്ന സിനിമയും തകഴിയുടെ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1940 ലെ തിരുവിതാംകൂർ പശ്ചാത്തലമാക്കിയുള്ള ഈ സിനിമയിൽ 'ക്രൈം ' പ്രധാനമായും ചർച്ചാവിഷയമാകുന്നു. 'കള്ളന്റെ മകൻ', 'നിയമവും നീതിയും, ഒരു കൂട്ടുകാരൻ' പങ്കിയമ്മ' എന്നീ കഥകളാണ് ഇവിടെ അനുവർത്തനം ചെയ്യപ്പെടുന്നത്. അടൂർ സിനിമകളുടെ രാഷ്ട്രീയത്തിന്റെ തുടർച്ചയായ ഭരണകൂടാധികാരവും ആണത്തവും ലൈംഗികതയും ഈ സിനിമയും പിന്തുടരുന്നുണ്ട്.
2016ൽ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലൂടെ അടൂർ പ്രണയവും തിരസ്‌കാരവും തൻ്റെ സ്വതസിദ്ധമായ ഫ്രെയിമുകളിലൂടെ സാക്ഷാൽകരിക്കുകയായിരുന്നു.സുകുമാരക്കുറുപ്പിന്റെ കുപ്രസിദ്ധമായ തിരോധാനമാണ് പുതിയ സിനിമയായ 'പിന്നെയും' പിറക്കാനുള്ള കാരണമെന്ന് അടൂർ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെടുന്നുണ്ട്.പലകാരണങ്ങളാൽ പിരിഞ്ഞുപോയവർ പിന്നെയും ഒത്തുചേരുമോ എന്ന ചോദ്യമാണ് സിനിമ മുന്നോട്ടു വയ്ക്കുന്നത്.
മതിലുകൾ മുതലുള്ള അടൂരിന്റെ സിനിമകളിലെല്ലാം അധികാരത്തിന്റെ വ്യത്യസ്തഭാവങ്ങളെ പ്രധാനവല്ക്കരിക്കുവാൻ ശ്രമിക്കുന്നുണ്ട്. അധികാരത്തിന്റെ വിധേയനായി കഴിയുന്ന തൊമ്മിയുടെ കർതൃത്വത്തിൽ നിന്ന് വ്യത്യസ്തനാണ് മതിലുകളിലെ ബഷീർ. കൊളോണിയൽ രാഷ്ട്രത്തിന്റെ അധീശത്വത്തിനെതിരെയും പ്രണയത്തിന്റെ പൂർത്തീകരണത്തിനുവേണ്ടിയും ശബ്ദമുയർത്തുവാനാണ് ഇവിടെ ബഷീർ ശ്രമിക്കുന്നത്. ഭരണകൂടത്തിന്റെ വിധേയനായ പൗരനായല്ല ബഷീർ ചിത്രീകരിക്കപ്പെടുന്നതെന്നർത്ഥം. കഥാപുരുഷനിലെ കുഞ്ഞുണ്ണിയുടെ വ്യക്തിത്വം വ്യവസ്ഥക്കെതിരെ എല്ലാകാലത്തും ആരെങ്കിലും ശബ്ദമുയർത്തും എന്നതിനെ സൂചിപ്പി ക്കുന്നു. അധികാരത്തിനെതിരെയുള്ള ചോദ്യങ്ങളാണ് ഇവിടെയും കാണുന്നത്. നിഴൽക്കുത്തിൽ അധികാരത്തിനുകീഴിലെ വ്യക്തിയുടെ സ്വാതന്ത്ര്യം, പ്രവർത്തനം എന്നിവയുടെ പരിമിതിയെക്കുറിച്ചും അതുണ്ടാക്കുന്ന സംഘർഷത്തെക്കുറിച്ചും വിശകലനം ചെയ്യുന്നു. ഇത്തരത്തിൽ അധികാരത്തിന്റെ വ്യത്യസ്ത പ്രയോഗങ്ങളെയാണ് അടൂർ ഗോപാലകൃഷ്ണൻ്റെ സിനിമകൾ ചർച്ച ചെയ്യുന്നത്.
Comments